ന്യുഡൽഹി: ഇന്ത്യയിൽ വീണ്ടും പബ്ജി എത്തുന്നു. എന്നാൽ ഇത്തവണ പുതിയ പേരിലാണ് വീഡിയോ ഗെയിംഗ് ലോഞ്ച് ചെയ്യുന്നത്. പബ്ജി: ന്യൂ സ്റ്റേറ്റ് ഗെയിം എന്ന പേരിൽ ദക്ഷിണ കൊറിയൻ കമ്പനിയായ ക്രാഫ്റ്റൺ തന്നെയാണ് ഗെയിം ലോഞ്ച് ചെയ്യാൻ പോകുന്നത്. 2051 ൽ നടക്കുന്ന രീതിയിലാണ് വീഡിയോ ഗെയിം സജ്ജീകരിച്ചിരിക്കുന്നത്.
പബ്ജിയുടെ ചൈനീസ് വേരുകൾ പിഴുതെറിഞ്ഞുകൊണ്ട് ദക്ഷിണ കൊറിയൻ കമ്പനിയായ ക്രാഫ്റ്റൺ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബി.ജി.എം.ഐ) എന്ന ഓൺലൈൻ ഗെയിം അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ പബ്ജി ബ്രാൻഡിംഗോടുകൂടി തന്നെ പുതിയ ഗെയിമുമായി തിരികെ എത്തുകയാണ് ക്രാഫ്റ്റൺ.
പബ്ജി മൊബൈൽ, ബി.ജി.എം.ഐ, കോൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ പിന്തുടർന്നു പോരുന്ന ബാറ്റിൽ റോയൽ ഫോർമാറ്റിലുള്ള ഗെയിമാണ് പബ്ജി ന്യൂ സ്റ്റേറ്റും. എന്നാൽ പുതിയ ലൊക്കേഷനും ആയുധങ്ങളും ഗെയിം പ്ലേ രീതികളും എലമെൻറുകളുമാണ് മറ്റ് ഗെയിമുകളിൽ നിന്നും ക്രാഫ്റ്റൺ നിർമ്മിച്ച ന്യൂ സ്റ്റേറ്റിനെ വ്യത്യസ്തമാക്കുന്നത്.
പബ്ജി: ന്യൂ സ്റ്റേറ്റ് എന്ന പേരിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഗെയിമിന്റെ പ്രീ രജിസ്ട്രേഷൻ ഗൂഗിളിന്റെ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആരംഭിച്ചുകഴിഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ തന്നെ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ഗെയിമിന്റെ മുൻകൂർ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. ഒക്ടോബറിൽ ലോകമെമ്പാടുമായി ഗെയിം അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Comments