അബൂജ: നൈജീരിയിലെ ഹൈസ്കൂളിൽ നിന്നും 73 വിദ്യാർത്ഥികളെ ഭീകരർ തട്ടിക്കൊണ്ടുപോയി. രാജ്യത്തെ വടക്കുപടിഞ്ഞാറൻ ദേശമായ സംഫറയിലാണ് സംഭവം. മരഡൂൺ മേഖലയിലെ കായയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സംഭവത്തിന് പിന്നാലെ പ്രദേശത്തെ പ്രൈമറി, സെക്കൻഡറി സ്കൂളുകൾ സർക്കാർ അടച്ചു. രാത്രിസമയ ഗതാഗതത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
തോക്കുധാരികളായ അജ്ഞാതർ സ്കൂളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ഭീഷണിപ്പെടുത്തി ഒരു കൂട്ടം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയൻ സൈന്യവും പോലീസും സംയുക്തമായാണ് കുട്ടികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകുന്നത്.
മധ്യ-വടക്കുപടിഞ്ഞാറൻ നൈജീരിയൻ മേഖലയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഭവം വ്യാപകമാണ്. ഈ വർഷം ഇതിനോടകം ആയിരത്തോളം കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങൾക്ക് പാത്രമായിട്ടുണ്ട്. സ്കൂളുകൾ, കോളജുകൾ, സെമിനാരികൾ എന്നിവ കേന്ദ്രീകരിച്ചാണ് ഭീകരർ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുന്നത്. മോചനദ്രവ്യം ലഭിക്കുന്നത് വരെ കുട്ടികളെ വനപ്രദേശങ്ങളിൽ തടവിലാക്കും. പലപ്പോഴും ആഴ്ചകളും മാസങ്ങളും നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കുട്ടികളെ തിരികെ ലഭിക്കുക. പല കേസുകളിലും ഇതുവരെ രക്ഷപ്പെടുത്താൻ കഴിയാത്ത കുട്ടികളുമുണ്ട്. ഓഗസ്റ്റ് ആദ്യവാരത്തിൽ അഗ്രികൾച്ചർ കോളജിൽ നിന്നും കടത്തിയ 18 വിദ്യാർത്ഥികളെ കഴിഞ്ഞയാഴ്ചയാണ് മോചിപ്പിക്കാനായത്. ഇസ്ലാമിക് സെമിനാരിയിൽ നിന്ന് കൊണ്ടുപോയ 100 കുട്ടികളെയും ബാപ്റ്റിസ്റ്റ് സ്കൂളിൽ നിന്ന് കടത്തിയ 32 പേരെയും ഇതേ ആഴ്ച തിരികെ ലഭിച്ചു.
സമാനമായ മറ്റ് കേസുകളും രാജ്യത്ത് കുറവല്ല. പ്രദേശത്തെ നാടോടികളും കർഷകരും തമ്മിൽ ഭൂമിക്കും ജലത്തിനുമായി നടത്തുന്ന തർക്കങ്ങൾ കലാപങ്ങൾക്ക് പോലും വഴിവെക്കാറുണ്ട്. കർഷകരുടെ കന്നുകാലികളെയും പണവും മോഷ്ടിച്ചും പിടിച്ചുപറിച്ചും നടക്കുന്ന കുറ്റവാളി സംഘങ്ങൾക്കും പ്രദേശത്ത് ക്ഷാമമില്ല.
Comments