കാബൂൾ: താലിബാനെ ശക്തമായി പ്രതിരോധിക്കുന്നതിൽ ഇനിയും വിജയിക്കുമെന്നും പോരാട്ടം മുഴുവൻ അഫ്ഗാനിസ്താന് വേണ്ടിയാണെന്ന് അമറുള്ള സലേ. പഞ്ചശിർ പോരാട്ട കേന്ദ്രമാക്കിയുള്ള പ്രതിരോധം തുടരുമെന്നും മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ പറഞ്ഞു.
‘തങ്ങളുടെ പോരാട്ടം അഫ്ഗാനിലെ മുഴുവൻ ജനങ്ങളുടേതുമാണ്. പഞ്ചശിറിലെ പോരാട്ടം പഞ്ചശിറിന് വേണ്ടിയല്ല. ഇന്ന് ഈ താഴ്‌വര ഈ രാജ്യത്തെ സംരക്ഷിക്കും. അഫ്ഗാനിലെ മുഴുവൻ ജനങ്ങളുടേയും പ്രതീക്ഷ തങ്ങളാണ്. ജനങ്ങളെല്ലാം അടിമർത്തപ്പെട്ടിരിക്കുന്നു. ജനമനസ്സിൽ കടുത്ത അമർഷവും പ്രതികാരവുമാണ്. അവരുടെ ഭാവി ഇരുട്ടിലായിരിക്കുന്നു.’ അമറുള്ള പറഞ്ഞു.
അഫ്ഗാന്റെ മുൻ സൈനിക കമാൻഡറായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ പുത്രൻ അഹമ്മദ് മസൂദും അമറുള്ള സലേഹിനൊപ്പം പഞ്ചശിർ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചതോടെ താലിബാന് കനത്ത നഷ്ടമാണ് സംഭവിക്കുന്നത്. ഇതുവരെ അഞ്ഞുറിനടുത്ത് ഭീകരരെ പഞ്ചശിർ പോരാളികൾ വകവരുത്തിക്കഴിഞ്ഞെന്നാണ് അവകാശപ്പെടുന്നത്. താലിബാനെ ജനങ്ങൾക്ക് ഇഷ്ടമല്ലെന്നതിന്റെ ഉദാഹരണമാണ് അതിർത്തിയിലേക്കുള്ള പലായനമെന്നും അമറുള്ള സലേ പറഞ്ഞു.
താലിബാനെതിരെ നീങ്ങണമെന്ന അഭ്യർത്ഥനയാണ് അമറുള്ള സലേ ലോകരാജ്യങ്ങളോട് നടത്തുന്നത്. താലിബാന്റെ വാക്കുകളെ നിങ്ങൾ വിശ്വസിക്കരുത്. അവരുടെ പ്രവൃത്തികൾ നിങ്ങളുടെ കൺമുന്നിലുണ്ട്. സമ്പത്തും ഭക്ഷണവും ഇല്ലാതാകുന്നതോടെ ജനം തെരുവിലിറങ്ങും രാജ്യം കലാപത്തിലേക്ക് നീങ്ങും. അവരെ നേരിടാൻ താലിബാന് ആകില്ലെന്നും സലേ മുന്നറിയിപ്പു നൽകി.
Comments