കൊച്ചി : സംസ്ഥാനത്ത് അടിസ്ഥാന സൗകര്യമില്ലാത്ത എത്ര ബെവ്കൊ ഔട്ട് ലെറ്റുകൾ പൂട്ടിയെന്ന് സർക്കാരിനോട് ഹൈക്കോടതി. ഇപ്പോഴും പല ഔട്ട്ലെറ്റുകൾക്ക് മുന്നിലും തിരക്കുണ്ട്. സർക്കാർ നടപടി സ്വീകരിക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ബെവ്കോ ഔട്ട്ലെറ്റുകളുടെ മുന്നിലുള്ള തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തതിന് സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. മദ്യവിൽപ്പന ശാലകളിലെ തിരക്ക് കൊറോണ വ്യാപനം വർദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത് നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് താക്കീത് നൽകിയിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് ബാറുകൾ തുറക്കാൻ ആരംഭിച്ചത്. ബെവികോയുടെ ഓൺലൈൻ സർവ്വീസും ആരംഭിച്ചു. എന്നാൽ വീണ്ടും സ്ഥിതി നിയന്ത്രിക്കാൻ കഴിയാതെ സാഹചര്യമാണുള്ളത് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.
മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ മദ്യവിൽപ്പന ശാലകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോകരുത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നും കോടതി ഉത്തരവിട്ടു.
Comments