ഔറംഗാബാദ്: പ്രായപൂർത്തിയായ പെൺകുട്ടിയെ വിറ്റ കേസിൽ പിതാവുൾപ്പടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയെ വിൽപ്പന നടത്തിയ കേസിൽ പിതാവ്,ചെറിയമ്മ, അച്ഛനിൽ നിന്ന് പെൺകുട്ടിയെ വാങ്ങിയ മൂന്ന് പേർ എന്നിവരുൾപ്പടെ എട്ട് പേരാണ് അറസ്റ്റിലായത്.മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
പണത്തിനോടുള്ള ആർത്തികാരണം സ്വന്തം പിതാവ് പല തവണയായി നിരവധി പേർക്ക് വിറ്റുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പിന്നാലെ മയക്കുമരുന്ന് നൽകി നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയിലെ ഹെഡാഗാവ് പോലീസ് സ്റ്റേഷനിലാണ് പെൺകുട്ടി പരാതി നൽകിയത്.
പെൺകുട്ടി ഫോണിൽ വിവരങ്ങൾ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ പീഡനസംഘത്തിൽ നിന്നും രക്ഷിച്ചത്. തവണ വ്യവസ്ഥയിലാണ് പിതാവ് യാതാരു ദയയുമില്ലാതെ വിറ്റിരുന്നത്. തവണ വ്യവസ്ഥ തെറ്റിച്ചെന്ന പേരിൽ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്ന പിതാവ്, പെൺകുട്ടിയെ സതാര കേന്ദ്രീകരിച്ചുള്ള മറ്റൊരു സംഘത്തിന് വിറ്റിരുന്നു. ഇവിടെ നിന്നാണ് പെൺകുട്ടിയുടെ അമ്മയുടെ സഹോദരി കുട്ടിയെ രക്ഷപ്പെടുത്തിയത്.
പണത്തിന് വേണ്ടിയാണ് സ്വന്തം പിതാവ് മകളോട് ഈ ക്രൂരത കാണിച്ചതെന്ന് നന്ദേദ് എ.എസ്പി വിജയ് കബാഡെ പറഞ്ഞു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Comments