വാഷിംഗ്ടൺ : ലോകത്ത് ഏറ്റവും തീവ്രമായ വായുമലിനീകരണം അനുഭവിക്കുന്നത് ഇന്ത്യയിലെന്ന് പഠനം. വായുമലിനീകരണം കാരണം ഒരു വർഷത്തിനിടെ ലോകത്ത് പത്ത് ലക്ഷത്തിലധികം ആളുകളാണ് മരണപ്പെടുന്നത്. രാജ്യത്തെ ജനങ്ങളുടെ ആയുർദൈർഘ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും വായുമലിനീകരണം വർഷംതോറും വർദ്ധിച്ചുവരികയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഷിക്കാഗോ സർവ്വകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള ഗവേഷക സംഘമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.
ലോകാരോഗ്യ സംഘടന പുറത്തുവിട്ട വാർഷിക ശരാശരി മലിനീകരണ അളവിൽ അധികമാണ് രാജ്യത്തെ മലിനീകരണത്തിന്റെ അളവ്. ഇന്ത്യയിലെ 1.3 ബില്യൺ ജനങ്ങൾ ഇത് നേരിടുന്നുണ്ടെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 480 മില്യണോളം ഉത്തരേന്ത്യക്കാരാണ് മലിനീകരണത്തിന്റെ ഏറ്റവും മോശമായ അവസ്ഥ നേരിടുന്നത്. ഡൽഹി, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ സാധാരണക്കാരെ ഇത് തീവ്രമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം രാജ്യത്ത് വായുമലിനീകരണം നിയന്ത്രിക്കാൻ സാധിച്ചാൽ ഡൽഹിയിലെ ജനങ്ങൾക്ക് പത്ത് വർഷത്തെ ആയുസ്സ് വർദ്ധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ മലിനീകരണത്തിന്റെ തോത് ഈ രീതിയിൽ തന്നെ മുന്നോട്ട് പോയാൽ 40 ശതമാനം ഇന്ത്യക്കാരുടെ ആയുർദൈർഘ്യം വീണ്ടും കുറയാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി.
ഏറ്റവുമധികം മലീനികരണമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലായി ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ എന്നീ രാജ്യങ്ങളാണ് നിൽക്കുന്നത്. ഇന്ത്യയിൽ കേന്ദ്ര സർക്കാർ 2019 ൽ ആരംഭിച്ച ക്ലീൻ എയർ പ്രോഗ്രാമിലൂടെ രാജ്യത്തെ മലിനീകരണത്തിന്റെ തോത് കുറയ്ക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Comments