കോഴിക്കോട് : ചേവായൂരിൽ ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പൂളക്കടവിനടുത്ത് പത്രോണി നഗറിലെ വീട്ടിനുള്ളിലാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. പുഴുവരിച്ച നിലയിലായിരുന്നു.
ഇന്ന് രാവിലെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. പീഡനത്തിന് ഇരയായ യുവതിയെ സാമൂഹ്യനീതി വകുപ്പിന്റെ നിർദ്ദേശപ്രകാരം മറ്റൊരു കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
ജൂലൈ 21 നാണ് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നിർത്തിയിട്ട ബസിനുള്ളിൽ വെച്ച് മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവതിയെ ഇരുചക്ര വാഹനത്തിൽ കയറ്റി മെഡിക്കൽ കോളേജിനു സമീപം മുണ്ടിക്കൽത്താഴം കോട്ടാപറമ്പ് ഷെഡിൽ നിർത്തിയിട്ട ബസിലെത്തിച്ചാണ് ബലാത്സംഗം ചെയ്തത്. പീഡനത്തിന് ശേഷം ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങികൊടുത്ത് സംഘം യുവതിയെ കുന്ദമംഗലം ഓട്ടോസ്റ്റാൻഡിനടുത്ത് ഇറക്കിവിടുകയും ചെയ്തിരുന്നു.
സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടിൽ ഗോപീഷ് (38), പത്താംമൈൽ മേലേപൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ പിടികൂടാനായിട്ടില്ല.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി നേരത്തെയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചികിത്സ തേടിയിരുന്ന യുവതി രോഗം കലശലാകുമ്പോൾ ഇടയ്‌ക്കിടെ വീട് വിട്ടിറങ്ങാറുണ്ട്. ഇത്തരത്തിൽ വീട് വിട്ടിറങ്ങിയപ്പോൾ താൻ നേരത്തെയും പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് യുവതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
Comments