ഇസ്ലാമാബാദ് : ഹൂറിയത്ത് കോൺഫറൻസ് നേതാവായ സയ്യദ് അലി ഷാ ഗിലാനിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിൽ ഉടനീളം ഒരു ദിവസത്തെ ദുഃഖാചരണം നടത്തിയാണ് ഭരണകൂടം അനുശോചനം അറിയിച്ചത്. പാകിസ്താൻ പതാക പകുതി താഴ്തിക്കൊണ്ട് നേതാവിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പാകിസ്താനിലെ പരമോന്നത ബഹുമതിയായ നിഷാൻ ഇ പാകിസ്താൻ ഗിലാനിക്ക് നൽകിയ പ്രസിഡന്റ് ആരിഫ് അൽവിയും ഗിലാനിയുടെ മരണത്തിൽ ദുഃഖമറിയിച്ചു. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി, വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരി, കേന്ദ്ര മന്ത്രി ഫറൂഖ് ഹബീബ് എന്നിവരും ഗിലാനിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. വിഘടനവാദി നേതാവായ ഗിലാനി ഇന്നലെ രാത്രിയോടെ ശ്രീനഗറിലെ വസതിയിൽ വെച്ചാണ് മരിച്ചത്. ഇന്ത്യാ-വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചതിനെ തുടർന്ന് 12 വർഷത്തോളം ഗിലാനി വീട്ടുതടങ്കലിലായിരുന്നു.
ചെറുപ്പകാലം മുതൽ തന്നെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്ന ഗിലാനി മതഭ്രാന്തും ഭീകരവാദവും കശ്മീരി യുവാക്കളുടെ മനസിലേക്ക് കയറ്റി വിട്ട് തെരുവുകളിൽ കലാപം സൃഷ്ടിച്ചിരുന്നു. പരസ്യമായി പാകിസ്താനെ പിന്തുണക്കുകയും കശ്മീർ പാകിസ്താനോട് ചേർക്കണമെന്ന് വാദിക്കുകയും ചെയ്തിരുന്നു. പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ഇന്ത്യക്കെതിരെ പോരാട്ടങ്ങൾ നടത്തി. ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടപ്പോൾ ഗിലാനി അന്ത്യ നമസ്‌കാരവും നടത്തിയിരുന്നു.
Comments