ശ്രീനഗർ : ഇന്ത്യ-പാക് അതിർത്തിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രാവിനെ കണ്ടെത്തി. ജമ്മു കശ്മീരിലെ അഖ്നൂർ സെക്ടറിലാണ് സംഭവം. ഇന്നലെ വൈകീട്ട് 6.15 ഓടെയാണ് അതിർത്തിയിൽ പ്രാവിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് സുരക്ഷാ സേന അറിയിച്ചു.
കാലിൽ മഞ്ഞയും നീലയും റിംഗ് ധരിപ്പിച്ച വെള്ള പ്രാവിനെയാണ് സുരക്ഷാ സേന പിടികൂടിയത്. നീല റിംഗിൽ No 0315-7827659 എന്ന് എഴുതിയിട്ടുണ്ട്. ഇടത് കാലിൽ കെട്ടിയിരിക്കുന്ന മഞ്ഞ റിംഗിൽ ‘ഓകെ’ എന്നാണ് എഴുതിയിരിക്കുന്നത്. ചാരപ്രവർത്തനത്തിന് വേണ്ടി പാകിസ്താൻ പുതിയ നീക്കങ്ങൾ നടത്തുന്നു എന്ന സൂചനകളും ഇതിലൂടെ ലഭിക്കുന്നുണ്ട്.
മെയ് മാസത്തിലും ഇത്തരത്തിൽ കത്വ ജില്ലയിൽ നിന്ന് പ്രാവിനെ കണ്ടെത്തിയിരുന്നു. പിങ്ക് നിറം പൂശിയ പ്രാവിന്റെ കാലിൽ റിംഗ് ധരിപ്പിച്ചിരുന്നു. പാകിസ്താന് വേണ്ടി ചാരപ്രവൃത്തിയിലേർപ്പെട്ടവരുടെ നീക്കമാണിത് എന്നും സുരക്ഷാ സേന സംശയിക്കുന്നു.
Comments