ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പൂർണമായും പിൻവലിച്ചതിന്റെ ആഘോഷങ്ങൾക്കൊരുങ്ങി പാകിസ്താൻ. രാജ്യവ്യാപകമായി നന്ദിപ്രകടനവും പ്രാർത്ഥനകളും സംഘടിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി ചെയർമാൻ സിറാജ് ഉൾ ഹഖ് പ്രഖ്യാപിച്ചു.
നീണ്ടക്കാലത്തെ യുദ്ധത്തിന് ശേഷം അഫ്ഗാൻ ജീർണിച്ച അവസ്ഥയിലാണ്. യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തോടെ രാജ്യത്തെ സാധാരണഗതിയിലാക്കുന്നതിനുള്ള വലിയ ഉത്തരവാദിത്വമാണ് ഇനി താലിബാനുള്ളത്. ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനപ്രകാരം രാജ്യത്തെ മസ്ജിദുകളിലും മദ്രസകളിലുമുള്ള ലക്ഷക്കണക്കിന് മുസ്ലീമുകൾ ഇതാഘോഷിക്കുമെന്നും സിറാജ് ഉൾ ഹഖ് പറഞ്ഞു. റാലികളും ഘോഷയാത്രയും ഉൾപ്പെടുത്തുമെന്നും ജമാഅത്തെ ഇസ്ലാമി അറിയിച്ചു.
അഫ്ഗാന്റെ പുനഃനിർമിതിക്ക് ദീർഘകാലത്തെ കഠിനാധ്വാനവും സമ്പത്തും ആവശ്യമാണ്. രാജ്യത്ത് ഒരു ആഭ്യന്തരയുദ്ധമുണ്ടാകാൻ പലരും ആഗ്രഹിക്കുന്നു. എന്നാൽ അള്ളാഹുവിന്റെ അനുഗ്രഹത്താൽ അത്തരം ആഗ്രഹങ്ങൾ തകരുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും സിറാജ് ഉൾ ഹഖ് പ്രതികരിച്ചു.
ദീർഘകാലത്തെ യുദ്ധത്തിന് ശേഷമാണ് അമേരിക്കൻ സൈന്യം പൂർണമായും അഫ്ഗാനിൽ നിന്ന് പിൻമാറിയത്. രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിലെ ആഭ്യന്തരസ്ഥിതിയും സുരക്ഷയും വഷളാകുകയാണ്. പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടതോടെ ഓഗസ്റ്റ് 15നാണ് അഫ്ഗാൻ താലിബാന്റെ അധീനതയിലായത്.
Comments