കാബൂൾ: അഫ്ഗാനിസ്താന്റെ വികസനത്തിന് അടിത്തറ പാകാൻ ചൈനയുടെ സഹായം ലഭിക്കുമെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ്. അഫ്ഗാനിസ്താന്റെ പ്രധാന പങ്കാളിയെന്നാണ് ചൈനയെ സബിഹുള്ള വിശേഷിപ്പിച്ചത്. ഇറ്റാലിയൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് സബിഹുള്ള ചൈനയുടെ സഹായത്തെ പ്രശംസിച്ച് സംസാരിച്ചത്. ‘ചൈന ആയിരിക്കും അഫ്ഗാനിസ്താന്റെ പ്രധാന പങ്കാളി. രാജ്യത്തിന്റെ പുനർനിർമ്മാണത്തിനും വികസനത്തിനും ചൈന നിക്ഷേപങ്ങൾ നടത്തുന്നതിലൂടെ അഫ്ഗാനിസ്താന് വലിയ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും’ സബിഹുള്ള പറഞ്ഞു.
ചൈനയുടെ ബെൽറ്റ് ആന്റ് റോഡ് പദ്ധതിയെ തങ്ങൾ അംഗീകരിക്കുമെന്നും സബിഹുള്ള പറഞ്ഞു. ‘പരമ്പരാഗത സിൽക്ക് പാത പുനരുജ്ജീവിപ്പിക്കാൻ ബെൽറ്റ് ആന്റ് റോഡ് പ്രൊജക്ട് സഹായകമാകും. അന്താരാഷ്ട്ര വിപണികളിലേക്കുള്ള അഫ്ഗാന്റെ കവാടമായിരിക്കും ചൈന. രാജ്യത്ത് ധാരാളം ചെമ്പ് ഖനികളുണ്ട്. അവ വീണ്ടും പ്രവർത്തനക്ഷമമാക്കാനും നവീകരിക്കാനും ചൈനയുടെ സഹായം ലഭിക്കും. റഷ്യയുമായും തങ്ങൾ നല്ല ബന്ധത്തിന് ആഗ്രഹിക്കുന്നുവെന്നും’ സബിഹുള്ള പറഞ്ഞു.
അമേരിക്കൻ സൈന്യം പിന്മാറിയതിന് പിന്നാലെ ഓഗസ്റ്റ് 15നാണ് താലിബാൻ അഫ്ഗാന്റെ അധികാരം പൂർണമായും പിടിച്ചെടുത്തത്. ഓഗസ്റ്റ് 30ന് അമേരിക്കൻ സേന രാജ്യത്ത് നിന്ന് പൂർണ്ണമായും പിൻവാങ്ങി. ഇതോടെ രാജ്യത്ത് സർക്കാർ രൂപീകരണ ചർച്ചകൾക്കും താലിബാൻ തുടക്കമിട്ടു. ഇറാനിലെ ഭരണനേതൃത്വത്തിന്റെ മാതൃകയിലാകും പുതിയ സർക്കാരിനെ താലിബാൻ തിരഞ്ഞെടുക്കുന്നത്. സംഘടന മേധാവിയായ മുല്ല ഹിബത്തുള്ള അഖുൻസദയായിരിക്കും അഫ്ഗാനിസ്താന്റെ പരമോന്നത നേതാവ്. സർക്കാർ രൂപീകരണം സംബന്ധിച്ച എല്ലാ കൂടിയാലോചനകളും മന്ത്രിസഭ ചർച്ചകളും പൂർത്തിയായെന്നും സബിഹുള്ള വ്യക്തമാക്കി.
Comments