തിരുവനന്തപുരം:ഒൻപത് അസംബ്ലി സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ഗൗരവത്തോടെ കാണണമെന്ന് സിപിഎം തെരഞ്ഞെടുപ്പ് റിപ്പോർട്ട് .സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച നിസാരമായി തള്ളനാവില്ലെന്നും ബിജെപിയുടെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിൽ സിപിഎം ചൂണ്ടിക്കാണിക്കുന്നു.
പാലക്കാട് ജില്ലയിൽ ബിജെപിയ്‌ക്ക് വോട്ട് കൂടിയതും പാർട്ടി ഗൗരവമായി ചർച്ചചെയ്തെന്നാണ് സൂചന. സംസ്ഥാനത്ത് ബിജെപിക്ക് വോട്ടുകുറഞ്ഞപ്പോള്‍ വോട്ട് വര്‍ധിച്ച ഏക ജില്ല പാലക്കാടാണെന്ന് റിപ്പോർട്ടിൽ ആശങ്കയുണ്ട്. ബിജെപിക്ക് ആകെ വോട്ടും വോട്ടിങ് ശതമാനവും ജില്ലയില്‍ വര്‍ധിച്ചത് ഗൗരവത്തില്‍ കാണണം. പാലക്കാട് മണ്ഡലത്തില്‍ സിപിഎമ്മിന് കിട്ടിയിരുന്ന വോട്ടുകള്‍ പോലും നഷ്ടമായി. ഇവിടെയുണ്ടായത് ദയനീയപരാജയമാണെന്നും കിട്ടിയത് അപമാനകരമായ മൂന്നാം സ്ഥാനമാണെന്നും സിപിഎം സമ്മതിക്കുന്നു.
സംസ്ഥാനത്ത് വോട്ടുകുറഞ്ഞതുകൊണ്ട് എന്നതുകൊണ്ട് ബിജെപി ദുര്‍ബലമായെന്ന് പറയാനാവില്ലെന്നും സിപിഎം വിലയിരുത്തുന്നു. ഒൻപത് സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് ഗൗരവത്തോടെ കാണണം. ബിജെപിയില്‍ നിന്ന് അകലുന്ന സാധാരണക്കാര്‍ യുഡിഎഫിലേക്ക് പോകാതെ നോക്കണമെന്നും പാർട്ടി റിപ്പോർട്ടിൽ അഭിപ്രായമുണ്ട്.
സിപിഎമ്മിന്‍റെ സ്വാധീനമേഖലയില്‍ ബിജെപി കടന്നുകയറാതെ നോക്കണം. അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തണം. ബിജെപി സ്വാധീനമുണ്ടാക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി പ്രത്യേകം പരിശോധിച്ച് തിരുത്തല്‍ നടപടിയെടുക്കണം. ബിജെപിയുടെ പ്രവര്‍ത്തനം സസൂക്ഷമം നിരീക്ഷിക്കണം.
എന്‍എസ്എസ് ആണ് സിപിഎമ്മിനോട് ഏറ്റവും വിരോധം കാണിച്ചത്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പാര്‍ട്ടിക്കെതിരെ പ്രസ്താവന നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല യുവതീ പ്രവേശനം വിവാദമാക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി ഇതിന് മറുപടി പറയാത്തതിനാല്‍ ഒരു വിഭാഗം എന്‍എസ്എസുകാര്‍ പാർട്ടിയോടൊപ്പം നിന്നു. എസ്എന്‍ഡിപി എല്‍ഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചതും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വിഭാഗം എല്‍ഡിഎഫിനെ നല്ല രീതിയില്‍ സഹായിച്ചെന്നാണ് സിപിഎം വിലിയിരുത്തുന്നത്. പാര്‍ട്ടിയില്‍ മുസ്ലീം പ്രാതിനിധ്യം കൂട്ടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജമാ അത്തെ ഇസ്ലാമി, പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു. എന്നാല്‍ കാന്തപുരം വിഭാഗം പാര്‍ട്ടിക്ക് വലിയ പിന്തുണ നല്കിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Comments