ഇന്ത്യ വില്പനയ്ക്ക്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ മലയാളത്തിലെ പത്രങ്ങളും സോഷ്യല്‍ മീഡിയയും നല്കിയ തലക്കെട്ട് ഇതായിരുന്നു. ഇത് വായിക്കുന്നവര്‍ കരുതും ഇന്ത്യയെ മൊത്തമായി കേന്ദ്ര സര്‍ക്കാര്‍ വില്പനയ്ക്ക് വച്ചിരിക്കുകയാണെന്ന്. എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം എന്താണ് എന്ന് ജനങ്ങള്‍ തിരിച്ചറിയണം.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ച ദേശിയ ധനസമ്പാദന പദ്ധതി(മോണിറ്റൈസേഷന് പൈപ്പ്ലൈന്) രാജ്യത്തിന്റെ ധനകാര്യ മേഖലയിലെ പുതിയ ചുവട്വയ്പാണ്. മോണിറ്റൈസേഷന് എന്ന പദത്തിന്റെ പേരിലാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. ഇന്ത്യയിലെ റോഡ്,റെയില്‍വെ, എയര്‍പോര്‍ട്ട്,വൈദ്യുതി,വെയര്‍ഹൗസുകള്‍ എന്നിവ കോര്‍പറേറ്റുകള്‍ക്ക് തുച്ഛമായ വിലയ്ക്ക് വില്‍ക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ഇടതു ബുദ്ധിജീവികളും പ്രചരിപ്പിക്കുന്നത്.
സത്യത്തില്‍ സര്‍ക്കാരിന്റെ ആസ്തികള്‍ നിശ്ചിത കാലയളവില്‍ സ്വകാര്യ സംരംഭകര്‍ക്ക് സുതാര്യവും മത്സരാതിഷ്ടിതമായ നടപടികളിലൂടെ കൈമാറുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് ഒരു കുടംബം താമസിക്കുന്നെതന്ന് കരുതുക. രണ്ടാമത്തെ നില വെറുതെ കിടക്കുകയാണ്. എന്നാല്‍ മുകളിലെ നില മറ്റൊരു കുടുബത്തിന് വാടകയ്ക്ക് നല്കി വരുമാനമുണ്ടാകാന്‍ ഗൃഹനാഥന് തീരുമാനിച്ചാല്‍ അത് വിറ്റുതുലയ്ക്കലാകുമോ. ഗൃഹനാഥന്റെ തീരുമാനം മൂലം കുടുബത്തിന്റെ വരുമാനം വര്‍ധിക്കും. താമസിക്കാന്‍ സ്ഥലം ആവശ്യമായ മറ്റൊരു കുടുബത്തിന് വാസവും ലഭിക്കും.
മോണിറ്റൈസേഷന് പൈപ്പ്ലൈന് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും ഇതൊക്കെ തന്നെയാണ്. സര്‍ക്കാരിന്റെ നിഷ്ക്രിയ ആസ്തികള്‍ സ്വകാര്യ സംരംഭകര്‍ക്ക് ലാഭകരമായ നടത്തിപ്പിന് നിയമപരവും സുതാര്യവുമായ മാര്‍ഗത്തിലൂടെ നല്കി ഖജനാവിലേക്ക് വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിലൂടെ ആറ് ലക്ഷം കോടി രൂപ സ്വരൂപിക്കാനാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്ക്കൂട്ടുന്നു. ഈ പണം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ വിനിയോഗിക്കും. ഭൂമിയുടെയോ മറ്റ് ആസ്തികളുടെയോ ഉടമസ്ഥാവകാശം ഒരിക്കലും കൈമാറ്റം ചെയ്യില്ല. അത് സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമായിരിക്കും. നിശ്ചിത കാലാവധിക്ക് ശേഷം സര്‍ക്കാരിലേക്ക് തന്നെ ആസ്തികള്‍ തിരിച്ചേല്പിക്കാന് സംരംഭകര്‍ ബാധ്യസ്ഥരാണ്.
ചുരുക്കി പറഞ്ഞാല്‍ ഈ പദ്ധതിയുടെ ഗുണം മൂന്ന് കൂട്ടര്‍ക്കും ഒരുപോലെ ലഭിക്കും. അതായത് വരുമാനമില്ലാത്ത ആസ്തികളിലൂടെ പണമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയും. ഈ പണം വിനിയോഗിക്കുന്നതിലൂടെ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നതിന്റെ പ്രയോജനം സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കും. സംരംഭകര്‍ക്ക് വരുമാനം ഉറപ്പാക്കുന്നതിലൂടെ നിരവധി തൊഴിലവസരവും സൃഷ്ടിക്കും.
രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഉണ്ടാകുന്ന ഉണര്‍വ് ചെറുതല്ല. വികസിത രാജ്യങ്ങളില്‍ കാണുന്നത് പോലെയുളള പശ്ചാത്തല സൗകര്യങ്ങള്‍ നമ്മള്‍ക്കും ഭാവിയില്‍ ഉണ്ടാകും. ദേശീയപാതകള്‍,റെയില്‍വെ, ഊര്‍ജോത്പാദന ശൃംഖലകള്‍, പ്രകൃതിവാതക വിതരണം, ടെലികോം തുടങ്ങിയ മേഖലകളില്‍ നിന്നാണ് ധനസമാഹരണം നടത്തുക.
പദ്ധതി മൂന്ന് മാര്‍ഗങ്ങളിലൂടെയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തം(പിപിപി),ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍(ബിഒടി),ടോള്ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍(ടിഒടി) എന്നീ സങ്കേതങ്ങളിലൂടെ ആകും തുക സമാഹരിക്കുക.
രാജ്യത്ത് മൂന്ന് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാമ്പത്തിക പരിഷ്കരണത്തിന്റെ തുടര്‍ച്ചയാണ് പുതിയ പ്രഖ്യാപനം. ഇതിനെതിരെയാണ് കോണ്‍ഗ്രസ് അടക്കം രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുബോള് സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കുകയും പിന്നീട് വലിയ തോതില്‍ സ്വകാര്യവത്കരണവുമായി മുന്നോട്ട് പോയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
ദില്ലി വിമാനത്താവളവും മുംബൈ-പൂന ദേശീയപാതയും സ്വകാര്യ സ്ഥാപനങ്ങളെ ഏല്പിച്ചത് കോണ്‍ഗ്രസാണ്. കേരളത്തിലും ഇത്തരം സാമ്പത്തി പരിഷ്കാരങ്ങള്‍ പുതുമയുളളതല്ല. നെടുമ്പാശ്ശേരി വിമാനത്താവളം പൊതു-സ്വകാര്യ പങ്കാളിത്തതോടെയാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ കോഴിക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്റ് സ്വകാര്യ വ്യവസായിക്ക് തുച്ഛമായ വിലയ്ക്ക് പാട്ടത്തിനു കൊടുത്തു. ഇതെല്ലാം മറച്ചുവച്ചാണ് ഇന്ത്യയെ വില്‍ക്കുന്നുവെന്ന ആരോപണവുമായി ചിലര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
Comments