പാലക്കാട്: മലമ്പുഴയിൽ വാഹനം മറിച്ചിട്ട് യൂട്യൂബർമാരുടെ അഭ്യാസപ്രകടനം. പുതിയ വാഹനം ഡാം സൈറ്റിലിറക്കി മനപ്പൂർവ്വം മറിച്ചിടുകയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾവഴി പ്രചരിപ്പിക്കുകയുമായിരുന്നു. അമിതവേഗതയിലാണ് തൃശൂർ സ്വദേശിയായ യുവാവും സംഘവും വണ്ടി ഓടിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ മാസത്തിലാണ് സംഭവമെന്നാണ് വിവരം. വാഹനം നിരോധിത മേഖലയായ ഡാം സൈറ്റിലേക്ക് ഇറക്കുകയായിരുന്നു. വീഡിയോ കഴിഞ്ഞ ദിവസമാണ് യുവാക്കൾ പ്രചരിപ്പിച്ചത്. അപകടകരമായ രീതിയിൽ മറ്റൊരു വാഹനത്തിൽ തൂങ്ങിക്കിടന്നാണ് ഇവർ ദൃശ്യങ്ങൾ പകർത്തിയത്. പ്രാഥമിക പരിശോധനയിൽ നിയമലംഘനം വ്യക്തമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ആർടിഒ വ്യക്കമാക്കി.
അനുമതി ഇല്ലാതെ നിരോധിത മേഖലയായ ഡാമിലേക്ക് വാഹനം ഇറക്കിയതിന് ജലവിഭവ വകുപ്പും പോലീസിൽ പരാതി നൽകിയേക്കും. വാഹനം മോടി കൂട്ടിയത് പരിശോധിച്ച് വേണ്ടവിധത്തിൽ നടപടിയെടുക്കും. ദൃശ്യങ്ങൾ പരിശോധിച്ച് വാഹന ഉടമകളെ കണ്ടെത്താനായുള്ള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Comments