തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പരക്കേ ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ അതിതീവ്ര ന്യൂനമർദ്ദം 20.9° വടക്ക് അക്ഷാംശത്തിലും 86.5° കിഴക്ക് രേഖാംശത്തിലും വടക്കു ഒഡിഷ തീരത്തിനടുത്തായിട്ടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇത് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ് തീവ്രന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീരമേഖലകളിൽ ശക്തമായ കടലാക്രമണത്തിനും, ഉയർന്ന തിരമാലകൾക്കും സാദ്ധ്യതയുണ്ട്. അതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Comments