ചെന്നൈ: കഞ്ചാവ് ലഹരിയിൽ പതിനാറു വയസ്സുാരൻ വീടിനു തീവെച്ചു. വീട്ടിൽ ഉണ്ടായിരുന്ന മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചു. സേലത്തിനടുത്ത് ആത്തൂർ ഗ്രാമത്തിലായിരുന്നു സംഭവം. ഭാരതി നഗർ സ്വദേശികളാണ് മരിച്ചത്. ഇവരുടെ ചെറുമകനെ ആത്തൂർ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലാക്കി.
ലഹരി ഉപയോഗിക്കുന്നത് വിലക്കിയ മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയിൽ പൂട്ടിയിട്ട ശേഷം ഓലമേഞ്ഞ വീടിനു മുകളിലേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് അടുത്തുള്ള ആളുകൾ ഓടിയെത്തി. വീടുകത്തുന്നതും നോക്കി നിൽക്കുകയായിരുന്നു ചെറുമകൻ.
ആത്തൂർ പോലീസും അഗ്നി രക്ഷാ സേനയും ചേർന്ന് തീ അണച്ചു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. ലഹരി ഉപയോഗം വിലക്കിയ മുത്തച്ഛനോടും മുത്തശ്ശിയോടുമുള്ള പ്രതികാരം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ചെറുമകൻ പോലീസ്നോട് പറഞ്ഞു.
Comments