ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ പ്രളയത്തിൽ കാണാതായ ആളുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. കാറിൽ സഞ്ചരിച്ചിരുന്നവരെയായിരുന്നു കാണാതായത്. അണക്കെട്ടിൽ നിന്നും കണ്ടെടുത്ത കാറിൽ നിന്നും ഒരാളുടെ മൃതദേഹം ലഭിച്ചു.
രാജ്കോട്ടിലെ ചപ്ര ഗ്രാമത്തിന് സമീപം ദോണ്ടി അണക്കെട്ടിൽ നിന്നും കാർ കണ്ടെടുത്തപ്പോഴാണ് മൃതദേഹം കിട്ടിയത്. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ടെന്നും ഇയാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും രക്ഷാദൗത്യത്തിൽ ഏർപ്പെട്ട നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചു.
ഗുജറാത്തിലെ ജമ്നാനഗർ, രാജ്കോട്ട് ജില്ലകളിലാണ് പ്രളയം മൂലം കനത്ത നാശം സംഭവിച്ചിട്ടുള്ളത്. രണ്ട് ജില്ലകളിൽ നിന്നായി 7000ഓളം പേരെ രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാവികസേന, വ്യോമസേന, തീരദേശസേന തുടങ്ങിയ സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
Comments