തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബർ 4 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമസഭ ചേരുന്നതുമായി ബന്ധപ്പെട്ട ശുപാർശ നൽകാൻ തീരുമാനിച്ചത്. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൃഷിക്കാരുടെ വരുമാനം കാർഷികോത്പാദനക്ഷമത, ഉല്പന്ന സംഭരണം, ഉല്പന്നങ്ങളുടെ വില, മൂല്യവർദ്ധിത പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങൾ എന്നിവയിൽ വർദ്ധനവ് വരുത്താൻ ആവശ്യമായ ശുപാർശകൾ സമർപ്പിക്കാൻ മുഖ്യമന്ത്രി അദ്ധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. കൃഷി,തദ്ദേശസ്വയംഭരണ, സഹകരണ, വ്യവസായ, ധനകാര്യ വകുപ്പ് മന്ത്രിമാർ ഇതിൽ അംഗങ്ങളാകും.
ഒരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഓരോ വർഷവും അഞ്ച് വീതം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള മാർഗരേഖ തയ്യാറാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. സഹകരണ, വ്യവസായ, ധനകാര്യവകുപ്പ് മന്ത്രിമാർ ഇതിൽ അംഗങ്ങളാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
Comments