ന്യൂഡൽഹി : ഡൽഹിയിൽ അറസ്റ്റിലായ ഭീകരർ രാജ്യത്ത് ഉടനീളം ലക്ഷ്യമിട്ടത് വൻ ഭീകരാക്രമണങ്ങൾ. നഗരങ്ങളിലെ പ്രധാന റോഡുകൾ, പാലങ്ങൾ, റെയിൽവേ ട്രാക്കുകൾ എന്നിവിടങ്ങളിൽ ഭീകരർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഡൽഹി പോലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ പാകിസ്താനിൽ നിന്നും പരിശീലനം ലഭിച്ച ഭീകരരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
കഴിഞ്ഞ ദിവസം ആറ് ഭീകരരെയാണ് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇതിൽ സീഷാൻ, ഒസാമ എന്നിവരാണ് പാകിസ്താനിൽ നിന്നും പരിശീലനം നേടിയത്. മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിലുള്ള ആക്രമണം നടത്താനായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നത്. വിവിധയിടങ്ങളിൽ നിന്നും എത്തുന്ന ആളുകൾ ഒത്തുകൂടുന്ന മേഖലകളായിരുന്നു ഭീകരാക്രമണത്തിനായി ഇവർ തെരഞ്ഞെടുക്കാനിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഒസാമയുടെയും സീഷാന്റെയും പാസ്‌പോർട്ടിൽ സീൽ ചെയ്തിട്ടില്ല. അതിനാൽ ഇവർ വിമാനമാർഗ്ഗമല്ല പാകിസ്താനിലേക്ക് കടന്നതെന്ന നിഗമനത്തിലാണ് പോലീസ്. കടൽമാർഗ്ഗമാകാം ഇവർ പാകിസ്താനിലേക്ക് എത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഇവർക്കൊപ്പം അറസ്റ്റിലായ മറ്റ് നാല് പേർ സ്ലീപ്പർ സെല്ലുകളായാണ് പ്രവർത്തിച്ചിരുന്നത്. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
Comments