തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ വിവിധ സേവനപ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ. തലസ്ഥാനത്ത് വിവിധ മോർച്ചകളുടെ നേതൃത്വത്തിൽ നടന്ന സേവന പ്രവർത്തനങ്ങൾ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യ്തു. സേവ സമർപ്പൺ അഭിയാൻ എന്ന പേരിൽ നടക്കുന്ന സേവന പ്രവർത്തനങ്ങൾ അടുത്ത മാസം 7 വരെ നീളും.
മുതിർന്ന നേതാക്കളായ ഓ. രാജഗോപാലും കുമ്മനം രാജശേഖരനും തിരുവനന്തപുരത്ത പഴവങ്ങാടി , ശ്രീ പദ്മനാഭസ്വാമി ക്ഷേത്രങ്ങളിൽ പ്രധാനമന്ത്രിക്കുവേണ്ടി പൂജകൾ നടത്തി. കോഴിക്കോട് ഇടിയങ്ങര ഷെയ്ഖ് പള്ളിയിൽ പച്ച പട്ടു അർപ്പിച്ചു രാജ്യത്തിന്റെ ക്ഷേമത്തിനും വേണ്ടി പ്രാർത്ഥന നേർന്നിരുന്നു. കാസർകോട് ജില്ലയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സൗജന്യ ഭക്ഷ്യ ധാന്യം വിതരണം ചെയ്തു. കന്ന്യപ്പാടി ആശ്രയ വൃദ്ധാശ്രമത്തിൽ നടന്ന പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.
മലപ്പുറം ജില്ലയില വിവിധ ക്ഷേത്രങ്ങളിൽ വിശ്വാസികൾ പ്രധാനമന്ത്രിയ്ക്കായി പൂജകൾ നടത്തി. തിരൂർ, താനൂർ, നിറമരുതൂർ, ചുങ്കത്തറ, തവനൂർ തുടങ്ങി നിരവധിയിടങ്ങളിലെ ക്ഷേത്രങ്ങളിലാണ് പ്രധാനമന്ത്രിയ്ക്കായി വഴിപാടുകൾ നടത്തിയത്. കോഡൂരിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി നരേന്ദ്ര മോദിയ്ക്കായി പാൽപ്പായസം വഴിപാടായി നേർന്നു. വഴിപാടിന്റെ രസീതുകൾ മലപ്പുറം ബിജെപി ജില്ലാ ഘടകം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
കാട്ടാക്കട മണ്ഡലത്തിലെ നരുവാമൂട് ചിന്മയ വിദ്യാലയത്തിൽ ആഘോഷങ്ങളുടെ ഭാഗമായി വൃക്ഷതൈ നടീൽ പരിപാടിയിൽ സംഘടിപ്പിച്ചു. പരിപാടിയിൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷണദാസ് പങ്കെടുത്തു. തൃശ്ശൂരിൽ ശുചീകരണ തൊഴിലാളികൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശാണ് കിറ്റ് വിതരണം ചെയ്തത്.
Comments