ന്യൂഡൽഹി : രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,662 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചതാണ് രാജ്യത്തെ കണക്കുകളിലുള്ള വർദ്ധനവിന് കാരണമായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,798 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,26,32,222 ആയി ഉയർന്നു. നിലവിൽ കൊറോണ ബാധിച്ച് 3,40,639 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം മാത്രം 2.5 കോടിയിലധികം വാക്സിൻ ഡോസുകളാണ് നൽകിയത്.
24 മണിക്കൂറിനിടെ 14,48,883 സാമ്പിളുകൾ പരിശോധിച്ചു. കൊറോണ വ്യാപനം ആരംഭിച്ച് ഇതുവരെ 55,07,80,273 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണ്. ഇന്നലെ 23,260 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം കൊറോണ പ്രതിരോധത്തിൽ ഏറെ പിന്നിലാണെന്നാണ് പ്രതിദിന രോഗികളുടെ എണ്ണം നൽകുന്ന സൂചന.
Comments