ന്യൂഡൽഹി: വികസന അതോറിറ്റി അവതരിപ്പിച്ച ഡൽഹി മാസ്റ്റർ പ്ലാൻ 2041 ന്റെ കരടുരൂപത്തിന് പൊതുജനങ്ങളുടെ നിർദ്ദേശ പ്രവാഹം. പൊതു അഭിപ്രായം തേടുന്നതിന് മുൻപ് തന്നെ ഡൽഹി വികസന അതോറിറ്റിക്ക് ലഭിച്ചത് 33,000ലധികം അഭിപ്രായങ്ങളും നിർദേശങ്ങളുമാണ്.
ഡൽഹി വികസന അതോറിറ്റി അവതരിപ്പിച്ച ഡൽഹി മാസ്റ്റർ പ്ലാൻ 2041 ന്റെ കരടുരൂപത്തിനാണ് ഇത്രയധികം നിർദേശങ്ങൾ പൊതുജത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കഴിഞ്ഞ ജൂണിലാണ് അതോറിറ്റി കരടുരൂപം അവതരിപ്പിച്ചത്.
കൊറോണ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഓൺലൈനായിട്ടാണ് പൊതു ഹിയറിംഗ് നടത്തുക. അടുത്തിടയാണ് ഓൺലൈൻ വഴി ഹിയറിംഗ് നടത്തുന്നതിനായുള്ള ബോർഡിന് ഡിഡിഐ അംഗീകാരം നൽകിയത്.ഡൽഹി ലെഫ്റ്റനൻറ് ജനറൽ അനിൽ ബൈജാലിന്റെ അദ്ധ്യക്ഷതയിലാണ് ഡിഡിഐ അംഗീകാരം നൽകിയത്.
കരട്പ്ലാനിലെ വിവിധ ഭാഗങ്ങളെ അടിസ്ഥാനമാക്കി ലഭിച്ച അഭിപ്രായങ്ങൾ തരംതിരിക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥരിപ്പോൾ.ഇത് പൂർത്തിയായതിന് ശേഷം പൊതു ഹിയറിംഗിനായുള്ള പദ്ധതിക്ക് രൂപം നൽകും.ഒക്ടോബറിൽ ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷ.
തലസ്ഥാനനഗരിയുടെ വികസനവും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള നിരവധി ബൃഹത്തായ പദ്ധതികൾ ഉൾപ്പെട്ടതാണ് ഡൽഹി മാസ്റ്റർപ്ലാൻ 2041. അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഡൽഹിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയായിട്ടാണ് ഇത് കണക്കാക്കുന്നത്.
Comments