പാരിസ്:കഴിഞ്ഞ ദിവസം ഈഫൽ ടവറിന് സമീപത്തെത്തിയ ആളുകൾ സാക്ഷിയായത് ഒരു സാഹസിക നടത്തത്തിനാണ്.എഴുപത് മീറ്റർ ഉയരത്തിൽ പാരീസിലെ സീൻ നദിക്ക് കുറുകെ കെട്ടിയ കയറിലൂടെ നടന്നാണ് ഫ്രഞ്ചുകാരായ യുവാവ് കാണികളുടെ നെഞ്ചിടിപ്പ് കൂട്ടിയത്.
ഫ്രഞ്ചുകാരനായ നാഥൻ പോളിനാണ് സാഹസിക നടത്തത്തിന് പിന്നിൽ.ഈഫൽ ടവറിനെയും ചായ്ലോട്ട് തീയേറ്റിനെയും ബന്ധിപ്പിച്ച് നദിക്കുകുറുകെ കെട്ടിയ കയറിലൂടെയാണ് ഇരുപത്തിയേഴുകാരനായ യുവാവ് നഗ്നപാദനായി നടന്ന് നീങ്ങിയത്.
600 മീറ്ററോളമാണ് പോളിൻ സാഹസികമായി നടന്നത്. ഇടയ്ക്ക് കയറിൽ ഇരുന്നും കിടന്നുമൊക്കെ വിശ്രമിച്ചായിരുന്നു ഈ ദൂരം താണ്ടിയത്. 600 മീറ്റർ താണ്ടുകയെന്നത് അത്ര എളുപ്പമല്ലെന്ന് പോളിൻ പറഞ്ഞു. നല്ല സമ്മർദ്ദമുണ്ടായിരുന്നു. ശ്രദ്ധ മാറാതെ നോക്കണം പോളിൻ വ്യക്തമാക്കി.നടത്തത്തിൽ യുവാവ് മതിയായ സുരക്ഷാസംവിധാനങ്ങളൊന്നും ഉപയോഗിക്കാഞ്ഞത് കാണികളുടെ ആവേശം ഇരട്ടിപ്പിച്ചു.
നിറഞ്ഞ കൈയ്യടികളോടെയാണ് സീൻ നദി മുറിച്ചുകടന്ന യുവാവിനെ കാണികൾ വരവേറ്റത്. ഇതിനോടകം തന്നെ നിരവധി ലോകറെക്കോഡുകൾക്ക് ഉടമയാണ് നാഥൻ പോളിൻ. ഫ്രാൻസിന്റെ പൈതൃകദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പോളിന്റെ നടത്തം.
Comments