റിയാദ് : 28 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലധികം പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 1 നു ആരംഭിക്കും.
റിയാദ് ഫ്രണ്ട് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പുസ്തകമേള ഒക്ടോബർ 10 വരെ ഉണ്ടായിരിക്കും.
സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന്
സാഹിത്യ പ്രസിദ്ധീകരണ വിവർത്തന കമ്മീഷൻ അറിയിച്ചു. പുസ്തകമേള സന്ദർശിക്കുന്നതിന് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യണം.
സന്ദർശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ തവക്കൽനയുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ പ്രസാധകരുമായി ചേർന്ന് വെർച്വൽ എക്സിബിഷനിലൂടെ പുസ്തകങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യാനുള്ള സൗകര്യം ബുക്ക് ഫെയറിലുണ്ട്. പുസ്തകമേള ആരംഭിച്ചതിനു ശേഷം ആയിരിയ്ക്കും വെർച്വൽ പ്ലാറ്റ്ഫോം സേവനം ലഭ്യമാക്കുക.
വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രത്യേകതയാണ്. സമൂഹത്തിൽ വായന ശീലം പ്രോത്സാഹിപ്പിക്കുകയും വൈവിധ്യമാർന്ന സംസ്കാരങ്ങൾ, സാഹിത്യം, കലകൾ എന്നിവയെക്കുറിച്ചുള്ള അവബോധവും അറിവും വർദ്ധിപ്പിക്കുന്നതിന് പുതിയ അവസരങ്ങൾ നൽകുകയും ആണ് പുസ്തകമേള കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് കമ്മീഷൻ അറിയിച്ചു.
സാംസ്കാരിക സർഗ്ഗാത്മകതയുടെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന സെമിനാറുകളും പ്രഭാഷണങ്ങളും വർക്ക്ഷോപ്പുകളും ഉൾപ്പെടുന്ന 120 ലധികം പരിപാടികൾ മേളയോടനുബന്ധിച്ചു സംഘടിപ്പിക്കും. ഒക്ടോബർ 4 മുതൽ 5 വരെ നടക്കുന്ന സെമിനാറുകളിലെ 12 ചർച്ചാ സെഷനുകളിൽ സൗദി അറേബ്യയിലും വിദേശത്തുമുള്ള 42 എഴുത്തുകാരും ചിന്തകരും നിരൂപകരും പങ്കെടുക്കുമെന്നും കമ്മീഷൻ അറിയിച്ചു.
Comments