മുംബൈ: ഇന്ത്യൻ സമ്പദ്വ്യവസ്ഥ അതിവേഗം മുന്നേറുകയാണ്. ഈ സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പോലെയുള്ള നാലോ അഞ്ചോ ബാങ്കുകൾ കൂടി ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ. മുംബൈയിൽ നടന്ന ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷന്റെ (ഐബിഎ) 74 -ാമത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുന്നോട്ടുകുതിക്കുകയാണ്. വ്യവസായങ്ങളും പുരോഗമിക്കുകയാണ്. വ്യവസായങ്ങൾ പുരോഗമിക്കുമ്പോൾ ബാങ്കിംഗ് മേഖലകളിലും വെല്ലുവിളികൾ ഉണ്ടാകും. ഇതിനെ നേരിടാൻ കുറേ ബാങ്കുകളുടെ ആവശ്യമില്ല. എന്നാൽ എസ്ബിഐ പോലുള്ള വലിയ ബാങ്കുകൾ ആവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ബാങ്കുകളുടെ ആവശ്യം ഉണ്ട്. ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ബാങ്കിംഗ് സംവിധാനവും ഡിജിറ്റലൈസേഷനും കൊറോണാ കാലഘട്ടത്തിൽ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊറോണ സമയത്ത് ബാങ്കുകൾക്ക് അവരുടെ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് സാങ്കേതികവിദ്യ സഹായകമായി. എല്ലാ അക്കൗണ്ടുകളിലേക്കും പണം എളുപ്പത്തിൽ ഡിജിറ്റലായി കൈമാറാൻ സാധിച്ചു. ഇന്ത്യൻ ബാങ്കുകളുടെ ദീർഘകാല ഭാവി ഡിജിറ്റലൈസേഷനെ ആശ്രയിച്ചിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ എല്ലാ ബാങ്കുകളെയും ഡിജിറ്റലൈസേഷന്റെ കീഴിൽ കൊണ്ടുവരാനുള്ള പദ്ധതിയും കേന്ദ്രമന്ത്രി നിർദ്ദേശിച്ചു. രാജ്യത്തെ 7.5 ലക്ഷം ബാങ്കുകളിൽ മൂന്നിൽ രണ്ടിലും ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകളുണ്ട്. സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള മാറ്റത്തിനൊപ്പം നമ്മൾ നിൽക്കേണ്ടതുണ്ടെന്നും ധനമന്ത്രി ഓർമ്മിപ്പിച്ചു. യുപിഐ പേയ്മെന്റ് സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. മാറുന്ന ലോകത്ത് യുപിഐ പേയ്മെന്റുകൾ മെച്ചപ്പെടുത്തേണ്ടത് ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും സീതാരാമൻ നിർദ്ദേശിച്ചു.
Comments