ബംഗളൂരു : ബിജെപിയും ആർഎസ്എസും ഹിറ്റലറുടെ വംശമാണെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ചരിത്രം പരിശോധിച്ചാൽ ഹിറ്റ്ലറുടെ ആശയം ആരാണ് പിന്തുടർന്നതെന്ന് അറിയാമെന്ന് ബിജെപി നേതാവ് ഡോ. ഭരത് ഷെട്ടി പറഞ്ഞു. സിദ്ധരാമയ്യയുടെ പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസും ബിജെപിയും ഹിറ്റ്ലറുടെ പിന്മുറക്കാരാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞു നോക്കണം. അപ്പോൾ കോൺഗ്രസ് നേതാവ് ഇന്ദിരാ ഗാന്ധിയാണ് ഹിറ്റ്ലറുടെ ആശയങ്ങൾ പിന്തുടർന്നതെന്ന് വ്യക്തമാകും. സിദ്ധരാമയ്യയുടെ പരാമർശം ഞെട്ടിപ്പിക്കുന്നതാണ്. ടിപ്പു സുൽത്താന് ശേഷം താലിബാൻ മനോഭാവമുള്ള ആരെങ്കിലും രാജ്യത്ത് ഉണ്ടെങ്കിൽ അത് സിദ്ധരാമയ്യയാണ്. സിദ്ധരാമയ്യയും താലിബാനും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സിദ്ധരാമയ്യയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. സിദ്ധരാമയ്യയ്ക്ക് മാനസിക സംഘർഷമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു ആർഎസ്എസിനെയും ബിജെപിയേയും അധിക്ഷേപിക്കുന്ന പരാമർശവുമായി സിദ്ധരാമയ്യ രംഗത്ത് വന്നത്. ബിജെപിയും ആർഎസ്എസും ഹിറ്റ്ലറുടെ വംശമാണെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്. ബിജെപ താലിബാനാണെന്നും സിദ്ധരാമയ്യ ആരോപിച്ചിരുന്നു.
Comments