ന്യൂഡൽഹി : സിപിഐ നേതാവ് കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കനയ്യ കുമാർ പാർട്ടി അംഗത്വം സ്വീകരിച്ചത്. രാഹുൽ ഗാന്ധിക്കും ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ഹാർദിക് പട്ടേലിനുമൊപ്പമാണ് കനയ്യ ആസ്ഥാനത്ത് എത്തിയത്. ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മെവാനിയും ഒപ്പമുണ്ടായിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.
ഡൽഹിയിലെ ഷഹീദ് ഇ-അസം ഭഗത് സിംഗ് പാർക്കിൽ രാഹുൽ ഗാന്ധിക്കും ഹർദിക് പട്ടേലിനുമൊപ്പം ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും കൈകോർത്തു. തലയിൽ ടർബൻ ചുറ്റിക്കെട്ടി എത്തിയ കനയ്യ കുമാർ, ഭഗത് സിംഗിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് എഐസിസി ആസ്ഥാനത്ത് എത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടി വിടുന്നത് എന്നാണ് കനയ്യ അറിയിച്ചത്.
ഇരുനേതാക്കളും ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസിൽ ചേരുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. തുടർന്ന് ഭഗത് സിംഗിന്റെ ജിന്മദിനത്തോട് അനുബന്ധിച്ച് ഇന്ന് പാർട്ടിയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.
Comments