കൊച്ചി:നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി. വിശ്വാസികൾക്കായി വൈദിക സമൂഹം നൽകുന്ന മുന്നറിയിപ്പുകളെ ചിലർ ദുരുദ്ദേശത്തോടെ വ്യാഖ്യാനിച്ച് പർവതീകരിക്കുകയാണ് ചെയ്യുന്നത്. മതസൗഹാർദ്ദത്തിന് വേണ്ടിയും സാമൂഹിക തിന്മകൾക്കെതിരെയും പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുമെന്നും കെസിബിസി വാർത്താക്കുറിപ്പിൽ പറയുന്നു.
ക്രിസ്തുവിന്റെ തിരുവചനം ഉൾക്കൊണ്ട് സമൂഹത്തിന് അജപാലകർ നൽകുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശപരമായി വ്യാഖ്യാനിച്ച് മതമൈത്രിയെ ദുർബലപ്പെടുത്തുന്ന ശൈലികളെ കത്തോലിക്കാ മെത്രാൻ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. മതസൗഹാർദ്ദ നിലപാടുകളിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാട് തന്നെയാണ് തങ്ങൾക്കുമുള്ളത്. സാമൂഹിക തിന്മകളെ ചൂണ്ടിക്കാട്ടുമ്പോൾ അതിൽ വിശദമായ അന്വേഷണവും പഠനവും നടത്തി ശക്തമായ നടപടി എടുക്കുകയാണ് വേണ്ടതെന്നും കെസിബിസി ആവശ്യപ്പെട്ടു.
ഇത്തരം സന്ദർഭങ്ങളിൽ സഭകൾ തമ്മിൽ ഭിന്നതയുണ്ടെന്നുവരുത്തി തീർക്കാനുള്ള ഗൂഢശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാൻ സമിതി തള്ളിക്കളയുന്നുവെന്നും കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Comments