ന്യൂഡൽഹി: ഭാരത് മിഷൻ അർബൻ 2.0, അമൃത് 2.0 തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിലാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. രാജ്യത്തെ എല്ലാ നഗരങ്ങളെയും മാലിന്യരഹിതമാക്കുകയും ജല സംരക്ഷണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കേന്ദ്ര പാർപ്പിട, നഗരകാര്യ മന്ത്രിയും, സഹമന്ത്രിയും സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണ പ്രദേശങ്ങളുടേയും നഗരവികസന മന്ത്രിമാരും ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തെ അതിവേഗം നഗരവൽക്കരിക്കുന്നതിന്റെ വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനുള്ള മുന്നേറ്റത്തെ സൂചിപ്പിക്കുന്നതാണ് ഈ രണ്ട് പദ്ധതികളുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2030 ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പദ്ധതികൾ സഹായകരമാകും. പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലെ ഖര മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം, മാലിന്യ നിക്ഷേപത്തിന് പുതിയ രീതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
മാലിന്യമുക്ത ഭാരതമെന്ന സന്ദേശവുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് സ്വച്ച് ഭാരത്. 2014 ഗാന്ധി ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി സ്വച്ച് ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്തത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും വിവിധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനം പ്രവൃത്തിദിവസമായി മാറി.
Comments