വാഷിംഗ്ടൺ: ട്വിറ്റർ അക്കൗണ്ട് പുന: സ്ഥാപിക്കണമെന്ന ആവശ്യവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. മാസങ്ങൾക്ക് മുൻപ് മരവിപ്പിച്ച അക്കൗണ്ട് പുന:സ്ഥാപിക്കാൻ ട്രംപ് കോടതിയെ സമീപിച്ചു.അക്കൗണ്ട് പുന;സ്ഥാപിക്കാൻ കമ്പനിയോട് നിർദേശിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ട്രംപ് കോടതിയിൽ ഹർജി നൽകിയത്.രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് ട്രംപ് ഹർജിയിൽ ആരോപിച്ചു.
അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഎസിലെ കാപ്പിറ്റോൾ ബിൽഡിംഗിൽ ട്രംപ് അനുകൂലികൾ കടുത്ത ആക്രമണം അഴിച്ച് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാദ്ധ്യമങ്ങൾ മരവിപ്പിച്ചത്. ആക്രമണത്തെ അനുകൂലിക്കുന്ന പരാമർശങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചായിരുന്നു വിലക്ക്.
അതേസമയം കഴിഞ്ഞ ജൂലൈയിൽ ട്വിറ്റർ,ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയ്ക്കെതിരെ ട്രംപ് കേസ് കൊടുത്തിരുന്നു.തനിക്കെതിരെ എടുത്ത നടപടി നിയമവിരുദ്ധമാണെന്നും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ വിലക്കെന്ന് ആരോപിച്ചാണ് ട്രംപ് കേസ് കൊടുത്തത്.
Comments