തിരുവനന്തപുരം:ചരക്ക് സേവന നികുതി (ജിഎസ്ടി) നഷ്ടപരിഹാരത്തുക വഴി കേന്ദ്രം കേരളത്തോട് വലിയ തുകയിൽ കടപ്പെട്ടിരിക്കുന്നുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. 2020-21 സാമ്പത്തിക വർഷത്തിൽ 1,473.34 കോടി രൂപയും 2021-22 സാമ്പത്തിക വർഷത്തിൽ (ഓഗസ്റ്റ് വരെ) 2,921.84 കോടി രൂപയും കേന്ദ്രം കേരളത്തിന് കുടിശ്ശികയായി നൽകാനുണ്ടെന്നാണ് ധനമന്ത്രി പറയുന്നത്. കേരള അസംബ്ളിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് ധനമന്ത്രിയുടെ വിശദീകരണം.
2020-21 കാലയളവിൽ, ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനത്തിന് 12,144.85 കോടി രൂപ ലഭിക്കാൻ അർഹതയുണ്ടായിരുന്നു. എന്നാൽ ആ വർഷം സംസ്ഥാനത്തിന് ലഭിച്ചത് 10,671.51 കോടി രൂപ മാത്രമാണ്. 2021-22 കാലഘട്ടത്തിൽ (ഓഗസ്റ്റ് വരെ), സംസ്ഥാനത്തിന് 7,044.11 കോടി രൂപയ്ക്ക് അർഹതയുണ്ടായിരുന്നു, ഇതിൽ 4,122.27 കോടി രൂപ ലഭിച്ചു. ഇനിയും കുടിശ്ശിക കിട്ടാനുണ്ടെന്നാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കുകളിൽ പറയുന്നത്.
ജിഎസ്ടി പ്രാബല്യത്തിൽ വന്നതിനുശേഷം, 2019-20 വർഷം മാത്രമാണ് ജിഎസ്ടി നഷ്ടപരിഹാരത്തിലൂടെ സംസ്ഥാനത്തിന് അധിക തുക ലഭിച്ചത്. ആ വർഷം സംസ്ഥാനത്തിന് 11.4 കോടി രൂപ അധികമായി ലഭിച്ചു. കണക്കുകൾ പ്രകാരം, സംസ്ഥാനത്തിന് 2017-18-ൽ 2,102 കോടി രൂപയും, 2018-19-ൽ 3,532 കോടി രൂപയും, 2019-20-ൽ 8,111 കോടി രൂപയും, 2020-21-ൽ 10,671.51 കോടി രൂപയും, ആഗസ്റ്റ് വരെ 4,122.27 കോടി രൂപയും ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചിട്ടുണ്ട്.
Comments