മലപ്പുറം : തമാശയ്ക്ക് ചുവന്ന ബാഗ് ഉയർത്തിക്കാണിച്ച് ട്രെയിൻ നിർത്തിച്ച് സ്കൂൾ വിദ്യാർത്ഥികൾ . മലപ്പുറം താനൂർ റെയിൽവേ സ്റ്റേഷനു സമീപത്താണ് സംഭവം .
എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് വന്നപ്പോഴാണ് സ്കൂൾ വിദ്യാർത്ഥികൾ റെയിൽവേ ട്രാക്കിൽ കയറി ചുവന്ന ബാഗ് ഉയർത്തി കാട്ടിയത്. അപായസൂചനയാണെന്ന് കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതോടെ വിദ്യാർത്ഥികൾ ഓടിമറഞ്ഞു.
സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഇത് ചെയ്തത് സ്കൂൾ വിദ്യാർത്ഥികളാണെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടെത്തി . തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓപ്പൺ സ്കൂൾ സംവിധാനത്തിൽ താനൂർ കാട്ടിലങ്ങാടി സ്കൂളിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളാണ് ഇവരെന്ന് മനസിലായി .
സ്കൂളിൽ എത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾ പരീക്ഷയെഴുതി കഴിയുന്നതുവരെ കാത്തിരുന്നു . തുടർന്ന് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരെ ചോദ്യംചെയ്തു. ട്രെയിൻ നിർത്തിച്ചവരെ കണ്ടെത്തുകയും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണെന്ന് ബോധ്യപ്പെട്ടതിനാൽ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയുമായിരുന്നു.
Comments