മുംബൈ: ആഡംബര കപ്പലിലെ ലഹരി ഇടപാട് കേസിൽ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ ഷാരൂഖ് ഖാൻ കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് റിപ്പോർട്ട്. ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീട്ടിൽ നിന്നും പുറത്തിറങ്ങാതെ മാദ്ധ്യമങ്ങളിൽ നിന്നും അകന്ന് കഴിയുകയാണ്. സംഭവത്തിന് ശേഷം കടുത്ത ദേഷ്യത്തിലാണ് ഷാരൂഖ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഷാരൂഖിന് ഉറക്കമില്ലാതെയായി, ആഹാരവും ആവശ്യത്തിന് കഴിക്കുന്നില്ല, ആരോടും മിണ്ടുന്നില്ല. കടുത്ത ദുഖത്തിലാണ് ഷാരൂഖ് ഖാനെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഒക്ടോബർ രണ്ടിന് മുംബൈയിലെ ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിലാണ് ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്.
മകൻ അറസ്റ്റിലായതിന് പിന്നാലെ പുതിയ സിനിമയുടെ ചിത്രീകരണം നീട്ടിവെയ്ക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ദീപിക പദുക്കോണിനൊപ്പമുള്ള പുതിയ ചിത്രമായ പഠാന്റെ ചിത്രീകരണമാണ് നിലവിൽ നടക്കുന്നത്. അതേസമയം ആര്യൻ ഖാൻ പിടിയിലായതുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും ഷാരൂഖിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ. കേസിൽ ഇതുവരെ 20 പേർ അറസ്റ്റിലായിട്ടുണ്ട്. ആര്യന്റെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പറയും. കഴിഞ്ഞ ദിവസമാണ് മുംബൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്.
Comments