തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള ഒളിമ്പിക്സ് മെഡലുകളുടെ എണ്ണം കൂട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ജി വി രാജ പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളിമ്പിക്സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷിന് മുഖ്യമന്ത്രി പാരിതോഷികവും കൈമാറി.
കേരളത്തിൽ നിന്നും ഇക്കുറി ഒരാൾക്ക് മാത്രമാണ് ഒളിമ്പിക്സ് മെഡൽ നേടാൻ ആയത്. മെഡലുകളുടെ എണ്ണം കൂട്ടണം. കായിക രംഗത്ത് നിന്നും വിരമിച്ചാലും താരങ്ങളുടെ സേവനം ആവശ്യമാണ്. എങ്കിലേ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കൂവെന്നും പിണറായി വിജയൻ വ്യക്തമാക്കി.
പരിപാടിയിൽ അന്തർദേശീയ കായിക താരങ്ങളായ കുഞ്ഞുമുഹമ്മദ്, മയൂഖ ജോണി എന്നിവർക്കുള്ള ജിവി രാജ അവാർഡും മുഖ്യമന്ത്രി സമ്മാനിച്ചു. ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയിൽ അവാർഡ് ബോക്സിംഗ് പരിശീലകൻ ചന്ദ്രലാലിന് നൽകി.ബാസ്ക്കറ്റ് ബോൾ താരം പിഎസ് ജീനയും മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച കായിക നേട്ടം കൈവരിച്ച സ്കൂളായ മാത്തൂർ സിഎഫ്ഡിഎച്ച്എസിനും പുരസ്കാരം ലഭിച്ചു. നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു പുരസ്കാര പരിപാടി സംഘടിപ്പിച്ചത്. മന്ത്രിമാരും കായിക താരങ്ങളുമടക്കം നിരവധി പേർ പുരസ്കാര വേദിയിൽ സന്നിഹിതരായിരുന്നു.
Comments