ശ്രീനഗർ: രാജ്യത്താകമാനം വ്യാജ തോക്കുകളും ലൈസൻസുകളും വിതരണം ചെയ്യുന്ന റാക്കറ്റുകൾക്കെതിരായ സി.ബി.ഐ അന്വേഷണം ഊർജ്ജിതമാകുന്നു. കഴിഞ്ഞ ജൂലൈ മാസം 40 ഇടങ്ങളിൽ ഒരേ സമയം റെയ്ഡ് നടത്തിയതിന്റെ തുടർച്ചയായാണ് സി.ബി.ഐ രണ്ടാമതും ജമ്മുകശ്മീരിലെത്തിയത്.
മുൻ സർക്കാർ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം നടക്കുന്നത്. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും കോൺഗ്രസ്സ്-നാഷണൽ കോൺഫറൻസ് ഭരണകാലത്ത് സർക്കാർ ഉപദേശകനായ ബഷീർ അഹമ്മദ് ഖാന്റെ വീട്ടിലാണ് ഇന്ന് റെയ്ഡ് നടക്കുന്നത്.
ശ്രീനഗർ, ഉധംപൂർ, രജൗരി, അനന്തനാഗ്,ബാരാമുള്ള മേഖലയിൽ നടത്തിയ റെയ്ഡിൽ ഷഹീദ് ഇഖ്ബാൽ ചൗധരിയുടെ വീട് റെയ്ഡ് ചെയ്ത് നിരവധി രേഖകൾ കണ്ടെത്തിയിരുന്നു. മുൻ ഗോത്രക്ഷേമ വിഭാഗം സെക്രട്ടറിയായി പ്രവർത്തിക്കവേ ആയിരക്കണക്കിന് വ്യാജ തോക്ക് ലൈസൻസ് പലർക്കായി ചൗധരി നൽകിയെന്നും കണ്ടെത്തിയിരുന്നു.
2012 വരെ രണ്ടുലക്ഷത്തോളം വ്യാജ തോക്കുകളും ലൈസൻസുകളുമാണ് ജമ്മുകശ്മീർ കേന്ദ്രീകരിച്ച സംഘം രാജ്യത്തെ വിവിധ ഭാഗത്തുള്ളവർക്ക് നൽകിയതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. 2017ൽ രാജസ്ഥാനിലെ ഭീകരവിരുദ്ധ സ്ക്വാഡാണ് ജമ്മുകശ്മീരിലെ തോക്ക് ലൈസൻസ് റാക്കറ്റിനെക്കുറിച്ച് ആദ്യവിവരം പുറത്തുവിട്ടത്.
Comments