കോട്ടയം : കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപത്തുവെച്ചാണ് അപകടം. .ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ ചേർന്ന് പുറത്തിറക്കി. പിന്നാലെ വടം കെട്ടി ബസ് വെള്ളക്കെട്ടിൽ നിന്ന് വലിച്ചുകയറ്റുകയായിരുന്നു.
ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്ന ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിലെ പകുതിയിലേറെ വരെ വെള്ളത്തിൽ മുങ്ങിയിരുന്നു. അപകട സ്ഥലത്ത് ഒരാൾ പൊക്കത്തോളം വെള്ളം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
കോട്ടയത്ത് കൂട്ടിക്കലിൽ അടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങിനാണ് സഹായം തേടിയത്.
ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതാലൂക്ക് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾ വാഹനങ്ങളുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് നൽകിയിട്ടുണ്ട്
Comments