ന്യൂഡൽഹി : ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിംഗ് നാലാം കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മഹേന്ദ്ര സിംഗ് ധോണിയിൽ നിന്ന് സ്വീകരിച്ച നേതൃത്വ പാഠങ്ങൾ പങ്കുവെച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് ചെന്നൈ സൂപ്പർകിംഗ് നായകന്റെ വിജയത്തിന് പിന്നിലുള്ള രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത്.
ഐപിഎൽ ഫൈനൽസിന്റെ രണ്ട് ദിവസം മുൻപ് നടന്ന നാഷണൽ കേഡറ്റ് കോർപ്സ് റിവ്യു പാനൽ ഉപസമിതിയുടെ യോഗത്തിൽ എംഎസ് ധോണി പങ്കെടുത്തിരുന്നു. വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിൽ മികച്ച ഒരുക്കങ്ങളോടെയാണ് അദ്ദേഹം എത്തിയിരുന്നത്. ഐപിഎല്ലിന്റെ സമ്മർദ്ദത്തിനിടയിലും ഇതിനെല്ലാം സമയം കണ്ടെത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി താൻ നന്ദി രേഖപ്പെടുത്തിയപ്പോൾ അതൊക്കെ നിസാരമാണെന്ന പോലെയാണ് ധോണി പ്രതികരിച്ചത് എന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
ധോണിയുടെ വിജയ തന്ത്രവും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിട്ടുണ്ട്. എല്ലാ സാഹചര്യത്തിലും സന്തുലിതാവസ്ഥ പ്രധാനപ്പെട്ട കാര്യമാണ്. ജീവിതം അവസരങ്ങളാൽ സമ്പന്നമാണ്. ഒരു ലക്ഷ്യത്തിൽ മാത്രം മുഴുകിയില്ലെങ്കിലും നിങ്ങൾക്ക് ഫോക്കസ് നേടാനാകും. വിരോധാഭാസമായി തോന്നാമെങ്കിലും ഇത് യാഥാർത്ഥ്യമാണ്. ഒരേസമയം കുറച്ച് ലക്ഷ്യങ്ങൾക്കുമേൽ പ്രവർത്തിക്കുക. ഓരോ ദൗത്യത്തിലും നിങ്ങൾക്ക് കൂടുതൽ വ്യക്തതയും ശാന്തതയും നേടാനാകും. ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ പറഞ്ഞു.
Two days before the IPL final, @msdhoni joined a VC for a subcommittee of the National Cadet Corps review panel. He was well prepared & made seminal, convincing points during the meeting. When I thanked him for taking time out despite the IPL pressure, he made light of it. (1/2) pic.twitter.com/tf6LwAgs3v
— anand mahindra (@anandmahindra) October 16, 2021
ഐപിഎല്ലിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പർകിംഗ്സിന്റെ നായകനാണ് ധോണി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ് ചെന്നൈ ഇപ്പോൾ. നാല് തവണയാണ് ടീം ചാമ്പ്യന്മാരായത്. അഞ്ച് സീസണുകളിൽ റണ്ണറപ്പുമായിരുന്നു.
Comments