തിരുവനന്തപുരം : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ദുർബലമായി. ഇതേ തുടർന്ന് സംസ്ഥാനത്ത് മഴയുടെ തീവ്രതയും കുറഞ്ഞിട്ടുണ്ട്. മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ മാത്രമാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും പ്രവചനമുണ്ട്. അതേസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. നാളെവരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴയുടെ ശക്തികുറഞ്ഞെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും കിഴക്കൻ മേഖലകളിലെ ചിലയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ ഇടവിട്ട് മഴലഭിക്കുന്നുണ്ട്. ഇന്നലെ കനത്ത മഴ ലഭിച്ച കോട്ടയം ജില്ലയിൽ മഴ കുറഞ്ഞു. അതേസമയം അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയിൽ പല ഭാഗത്തും മഴ തുടരുകയാണ്.
അതേസമയം ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും, കൊക്കയാറിലും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Comments