ലക്നൗ: രാമായണത്തിലെ ദശരഥ വേഷം അഭിനയിക്കുന്നതിനിടെ നടൻ ഹൃദയാഘാതം മൂലം മരിച്ചു. രാജേന്ദ്ര കശ്യപ് എന്ന നടനാണ് അന്തരിച്ചത്. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം.
ശ്രീരാമനോട് 14 വർഷത്തെ വനവാസം അനുഷ്ഠിക്കാൻ ദശരഥൻ ആവശ്യപ്പെടുന്ന രംഗം അഭിനയിച്ചതിനു പിന്നാലെ കശ്യപ് കുഴഞ്ഞു വീഴുകയായിരുന്നു. എന്നാൽ മികച്ച പ്രകടനം എന്ന് തെറ്റിദ്ധരിച്ച കാണികൾ കൈയ്യടിച്ച് അഭിനന്ദിച്ചു. കുറച്ച് സമയം കഴിഞ്ഞിട്ടും കശ്യപിന് അനക്കമില്ലാതെ വന്നതോടെ സംശയം തോന്നിയ മറ്റ് നടന്മാർ പരിശോധിച്ചപ്പോഴാണ് മരണ വിവരം തിരിച്ചറിഞ്ഞത്.
വേദിയിൽ നടന്ന സംഭവം അവിശ്വസനീയമാണെന്ന് രാംലീല പ്രസിഡന്റ് സഞ്ജയ് സിംഗ് ഗാന്ധി പറഞ്ഞു. അഭിനയജീവിതത്തിലെ മികച്ച വേഷം കശ്യപ് അവതരിപ്പിക്കുകയാണെന്നാണ് കാണികൾ കരുതിയത്. എന്നാൽ ഇഷ്ട വേഷം അവതരിപ്പിച്ച് നടൻ അരങ്ങൊഴിയുമെന്ന് വിചാരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments