തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. 11 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടില്ല.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാദ്ധ്യതയുള്ളത്. യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. ജില്ലകളിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനാണ് സാദ്ധ്യത.
നിലവിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച മുതൽ കേരളത്തിലെ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും, വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് 27 പേർക്കാണ് ജീവൻ നഷ്ടമായത്.
Comments