ന്യൂഡൽഹി : അർഹരായ നൂറ് ശതമാനം ആളുകൾക്കും ആദ്യ ഡോസ് കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നൽകി ഉത്തരാഖണ്ഡ്. ഈ നേട്ടം കൈവരിച്ചതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിനും ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ നേർന്നത്.
‘ദേവഭൂമിയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. രാജ്യത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന്റെ ഈ നേട്ടം വളരെ വലിയ പങ്ക് വഹിക്കുന്നു. ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെ മാത്രമാണ് ഇത് സാധിച്ചത്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് സംഘടിപ്പിച്ചിരിക്കുന്ന വാക്സിനേഷൻ യജ്ഞത്തിലൂടെ അർഹരായ ജനങ്ങളുടെ പ്രതിരോധ കുത്തിവെയ്പ്പ് വേഗത്തിൽ പൂർത്തയാകുന്നു. സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ആത്മാർത്ഥമായ പരിശ്രമത്തിലൂടെയാണ് കൊറോണയെ പ്രതിരോധിക്കാൻ രാജ്യത്തിന് സാധിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന വാക്സിനേഷൻ യജ്ഞത്തിലൂടെ സംസ്ഥാനത്തെ അർഹരായ എല്ലാ ജനങ്ങൾക്കും ആദ്യ ഡോസ് കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സാധിച്ചു. എല്ലാ ജനങ്ങൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ’ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ട്വിറ്റ് ചെയ്തു.
സംസ്ഥാനത്തെ അർഹരായ 74,34,732 ആളുകൾക്കും ആദ്യ ഡോസ് വാക്സിൻ നൽകി. കൂടാതെ 34,83,685 ആളുകൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.
Comments