പൂനെ: കണ്ണും മനസ്സും ഒരുപോലെ നിറയിക്കുന്ന ഒരുപാട് വാർത്തകളും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ വൈറലായ ഒരുപാടുപേരെയും നമുക്കറിയാം. റെയിൽവേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി വൈറലായ റാണു മൊണ്ഡാലും, ലോക്ഡൗൺ സമയത്ത് ശ്രദ്ധനേടിയ ബാബാ കി ധാബ ഹോട്ടലുടമയേയും ഒന്നും അത്രപെട്ടന്ന് മറക്കാനാകില്ല. അത്തരത്തിലൊരു സംഭവമാണ് ഇപ്പോഴും പുറത്തുവരുന്നത്. പൂനെയിൽ നിന്നുള്ള ഒരു വയോധികയുടെ ചിത്രമാണിത്.
എംജി റോഡിലെ തെരുവുകളിൽ നിന്നുള്ളതാണ് ചിത്രം. രത്തൻ എന്ന് പേരുള്ള പ്രായമായ ഒരു അമ്മ കാർഡ് ബോർഡ് പെട്ടിയിൽ പേനകൾ വെച്ചു വിൽക്കുന്നതാണ് ചിത്രം. ഈ ചിത്രം കൗതുകമാകാൻ കാരണം കാർഡ് ബോർഡിലെഴുതിയ വാചകമാണ്. ‘എനിക്ക് യാചിക്കാൻ ആഗ്രഹമില്ല, അതുകൊണ്ട് ദയവായി നീല നിറത്തിലെ പേന വാങ്ങൂ, നന്ദി അനുഗ്രഹങ്ങൾ’ എന്നാണ് എഴുതിയിരിക്കുന്നത്.
രത്തന്റേയും അവരുടെ പേനകളടങ്ങിയ ചിത്രവും ഇതിനോടകം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. തെരുവുകളിൽ ഭിക്ഷയാചിക്കുന്നത് ഒഴിവാക്കി അഭിമാനത്തോടെ കഠിനാധ്വാനം ചെയ്താണ് രത്തൻ ജീവിക്കുന്നത്. ഇവരുടെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. രത്തൻ മുത്തശ്ശി മാതൃകയാണെന്നാണ് എല്ലാവരും പറയുന്നത്.
Comments