ഇസ്ലാമാബാദ് ; ടിവി സീരിയലുകളിലെ പ്രേമരംഗങ്ങൾക്ക് കടിഞ്ഞാണിട്ട് പാകിസ്താൻ . പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് പ്രാദേശിക ടെലിവിഷൻ ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളിലെ ഉള്ളടക്കങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് .
“ആലിംഗനങ്ങൾ, പ്രേമ രംഗങ്ങൾ, വിവാഹേതര ബന്ധങ്ങൾ, അശ്ലീല രംഗങ്ങൾ, മോഡേൺ ഡ്രസ്സിംഗ്, കിടപ്പറ രംഗങ്ങൾ , വിവാഹിതരായ ദമ്പതികളുടെ പ്രണയം എന്നിവ ഇസ്ലാമിക നിയമങ്ങളെയും, പാകിസ്താൻ സമൂഹത്തിന്റെ സംസ്കാരത്തെയും അവഗണിക്കുന്നതാണ് “ വിജ്ഞാപനത്തിൽ പറയുന്നു.
ഇത്തരം ഉള്ളടക്കത്തിനെതിരെ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും അതോറിറ്റി പറയുന്നു . ഇത്തരം പരിപാടികൾ പാകിസ്താൻ സമൂഹത്തിനെ യഥാർത്ഥത്തിൽ
ചിത്രീകരിക്കുന്നതല്ലെന്നും വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇൻ-ഹൗസ് മോണിറ്ററിംഗ് കമ്മിറ്റി മുഖേന ഈ പരിപാടികളുടെ ഉള്ളടക്കം ശരിയായി അവലോകനം ചെയ്യണം . കാഴ്ചക്കാരുടെ ആശങ്കകൾക്ക് അർഹമായ പരിഗണന നൽകി എഡിറ്റ് ചെയ്യുകയോ, ഭേദഗതി ചെയ്യുകയോ വേണമെന്നും അതോറിറ്റി എല്ലാ ടിവി ചാനലുകളോടും നിർദ്ദേശിച്ചു.
എല്ലാ സാറ്റ്ലൈറ്റ് ടിവി ലൈസൻസികളും ഇനി മുതൽ അത്തരം ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് നിർത്തുകയും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം, അറിയിപ്പിൽ പറയുന്നു
Comments