ഇസ്ലാമാബാദ് : ടി20 ലോകകപ്പിൽ പാകിസ്താനെതിരെ അപ്രതീക്ഷിത തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എന്നാൽ പരാജയപ്പെട്ടതിന് ശേഷവും ചിരിച്ച മുഖത്തോടെ പാക് താരങ്ങളെ ചേർത്തു പിടിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു. വിരാട് കോഹ്ലിയുടെ മികവിന് പ്രശംസിച്ചുകൊണ്ട് മുൻ പാകിസ്താൻ വനിതാ ക്രിക്കറ്ററും ദേശീയ ടീമിന്റെ ക്യാപ്റ്റനുമായ സനാ മിർ ആണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
പാകിസ്താനെതിരെ പരാജയപ്പെട്ടതിന് ശേഷവും ഇന്ത്യൻ നായകൻ ഒരു ഭാവവ്യത്യാസവുമില്ലാതെ വളരെയധികം പക്വതയാണ് കാണിച്ചത്. മത്സരത്തിന് ശേഷം എതിരാളിയെ കെട്ടിപ്പിടിക്കണമെങ്കിൽ മനസിൽ അത്രയേറെ സ്പോർട്ട്സ്മാൻ സ്പിരിറ്റ് വേണം. അദ്ദേഹത്തെ പോലുള്ള വലിയ കായിക താരങ്ങൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് നല്ല അറിവാണ് പകർന്നു തരുന്നത് എന്നും സനാ മിർ പറഞ്ഞു. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങളും വളരെയേറെ ആത്മഹിശ്വാസം പ്രകടിപ്പിച്ചിരുന്നു. അടുത്ത മത്സരത്തിൽ അവർ മികച്ച രീതിയിൽ തിരിച്ചുവരുമെന്ന കാര്യം സുനിശ്ചിതമാണെന്നും സനാ മിർ വ്യക്തമാക്കി.
ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ആദ്യമായി ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്താൻ ടീമിനെയും സനാ മിർ അഭിനന്ദിച്ചു. എല്ലാവരും നല്ല രീതിയിൽ പ്രയത്നിച്ചുവെന്നും അവരുടെ ഓരോ വാക്കിലും ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും സനാ പറഞ്ഞു.
Comments