പനാജി: ഗോവയിൽ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനെത്തിയ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വരവേറ്റത് ജയ് ശ്രീറാം എഴുതിയ ബാനറുകളും പോസ്റ്ററുകളും.
ഇന്നലെ വിമാനത്താവളത്തിൽ മമതയെ വരവേറ്റത് ഒരു കൂട്ടം ആളുകളുടെ ജയ് ശ്രീറാം വിളികളാണ്. മാസങ്ങൾക്ക് മുൻപ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ജയ് ശ്രീറാം മുഴക്കിയതിൽ മമത പ്രതിഷേധം പ്രകടിപ്പിച്ചത് വലിയ വാർത്തയും വിവാദവുമായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മമതയെ സ്വീകരിക്കാൻ ജയ് ശ്രീറാം വിളികളുമായി ആളുകൾ എത്തിയത്. ഇവരോട് നമസ്‌കാരം പറഞ്ഞ് മമത യാത്ര തുടർന്നതായി മുൻ ഗോവ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ ഗോവ ലുയിസിൻഹോ ഫലേരിയോ പറഞ്ഞു. താനും ഒരു രാമഭക്തനാണ്. എന്നാൽ ഒരു സ്ത്രീയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേൽപിക്കുന്നത് നല്ല സംസ്‌കാരമല്ലെന്നും ഫലേരിയോ പ്രതികരിച്ചു.
ബിജെപി പ്രവർത്തകരാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് തൃണമൂലിന്റെ ആരോപണം. എന്നാൽ സംഭവത്തിൽ പങ്കില്ലെന്ന് ബിജെപി സംസ്ഥാന ഘടകം പറഞ്ഞു. മമത കടന്നുപോകുന്ന വഴികളിൽ ചെറുതും വലുതുമായി നിരവധി ജയ് ശ്രീറാം ഫ്‌ളക്‌സുകളും ബാനറുകളും സ്ഥാപിക്കുകയും ചെയ്തിരുന്നു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് മമത ഗോവയിൽ എത്തിയത്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിൽ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മുന്നോടിയായി പാർട്ടി പ്രവർത്തനം ശക്തമാക്കാനാണ് മമതയുടെ വരവ്. പനാജിയിൽ തൃണമൂൽ പ്രവർത്തകരുമായി മമത ഇന്ന് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
Comments