തിരുവനന്തപുരം : വിവാദ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി അനുപമയും ഭർത്താവ് അജിത്തും. അമ്മ അറിയാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയേയും ഭർത്താവിനെയും പരിഹസിച്ചുകൊണ്ട് മന്ത്രി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് പേരൂർക്കട പോലീസിൽ പരാതി നൽകിയത്.
തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസിൽ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്.
‘കല്യാണം കഴിച്ച് രണ്ടും മൂന്നം കുട്ടികൾ ഉണ്ടാവുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കി കൊടുക്കുക, ചോദ്യം ചെയ്താൽ അച്ഛൻ ജയിലിലേക്ക് പോകുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടേയും മനോനില മനസിലാക്കണം’ എന്നാണ് സജി ചെറിയാൻ പറഞ്ഞത്. ഇത് വിവാദമായതോടെയാണ് പരാതിയുമായി അനപുമയും അജിത്തും രംഗത്തെത്തിയത്.
Comments