നകു അലോഫ: കൊറോണ വൈറസിന്റെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന രാജ്യത്തും രോഗം സ്ഥിരീകരിച്ചു. ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിലാണ് കഴിഞ്ഞ ദിവസം ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താനൊരുങ്ങുകയാണ് അധികൃതർ. ന്യൂസിലൻഡിൽ നിന്നുമെത്തിയ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
ടോംഗ പ്രധാനമന്ത്രി പൊഹിവ ട്യൂനോറ്റയാണ് ഇക്കാര്യം അറിയിച്ചത്. ഇയാൾ രണ്ട് ഡോസ് വാക്സിൻ സ്വീകരച്ചിട്ടുണ്ടെന്നും വിമാനം കയറുമ്പോൾ നെഗറ്റീവ് ആയിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ വിമാനത്തിലുള്ളവർ ക്വാറന്റീനിൽ പോകണമെന്ന് അധികാരികൾ പറഞ്ഞു.
ലോക്ഡൗൺ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 86 ശതമാനം പേരും ആദ്യ ഡോസും 62 ശതമാനം പേർ രണ്ടാം ഡോസും കൊറോണ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് വാക്സിനേഷനും കൂടിയിട്ടുണ്ടെന്ന് അധികാരികൾ അറിയിച്ചു. എത്രയും വേഗം വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Comments