എറണാകുളം: തിരുമാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ കാബിന് നേരെ ആക്രമണം നടന്നതായി പരാതി. രാവിലെ ആശുപത്രിയിൽ എത്തിയ ജീവനക്കാരാണ് ഡോക്ടറുടെ കാബിൻ തകർന്ന നിലയിൽ കണ്ടത്. രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ തല്ലി തകർത്തതായാണ് വിവരം. ഭിത്തിയിൽ അസഭ്യമെഴുതിയ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പഞ്ചായത്ത് ഭരണസമിതി കൂത്താട്ടുകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ കെ.ആർ മോഹൻദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്കായി ആലുവയിൽ നിന്നും വിരലടയാള വിദഗ്ധർ എത്തും. ആക്രമണ ശൈലി കണക്കിലെടുത്ത് സംഭവത്തിൽ മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
Comments