തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒരു ഡോസ് വാക്സിന് എടുത്തവര്‍ക്കും സിനിമ തിയേറ്ററുകളില്‍ പ്രവേശനം ലഭിക്കും. നിലവില്‍ രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശന അനുമതി. തിയേറ്ററുകളില്‍ ശാരീരിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നതിനും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹങ്ങളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. അടച്ചിട്ട ഹാളിലെ വിവാഹത്തിന് 100 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. തുറന്ന സ്ഥലമാണെങ്കില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം.
സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യവും ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ചര്‍ച്ചയായി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേക കരുതല്‍ നല്‍കാനും കൊറോണ അവലോകന യോഗത്തില്‍ തീരുമാനിച്ചു. സ്കൂള്‍ തുറന്നത് നല്ല പ്രതികരണമുണ്ടാക്കി. ഇക്കാര്യത്തില്‍ നേരത്തെയുണ്ടായ ആശങ്ക ഇപ്പോഴില്ല. ആദ്യ ദിവസം 80 ശതമാനം കുട്ടികളാണ് സംസ്ഥാനതലത്തില്‍ ഹാജരായത്. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളെ ഡോക്ടര്‍മാര്‍ സ്കൂളില്‍ സന്ദര്‍ശിച്ച് അതതു ഘട്ടങ്ങളില്‍ പരിശോധിക്കണം. അത് കോവിഡ് ഭീതി അകറ്റും. ഏറെക്കാലത്തിനു ശേഷം സ്കൂളില്‍ വരുന്ന കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
Comments