കൊച്ചി : ഗതാഗത നിയമ ലംഘനത്തിന് നടൻ ജോജു ജോർജിനെതിരെ ആർടിഒയ്ക്ക് പരാതി. കളമശ്ശേരി സ്വദേശി മനാഫ് പുതുവായിലാണ് എറണാകുളം ആർടിഒയ്ക്ക് പരാതി നൽകിയിരിക്കുന്നത്. കേരളത്തിലെ ഗതാഗത നിയമം ലംഘിച്ചാണ് ജോജു രണ്ട് കാറുകൾ ഉപയോഗിക്കുന്നതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
കാറുകളിൽ ഒന്നിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് അഴിച്ചുമാറ്റി ഫാൻസി നമ്പർ പ്ലേറ്റാണ് ഘടിപ്പിച്ചിരിക്കുന്നതെന്നും, മറ്റൊരു കാർ ഹരിയാന രജിസ്ട്രേഷനിലുള്ളതാണെന്നും മനാഫിന്റെ പരാതിയിൽ പറയുന്നു. കേരളത്തിൽ സ്ഥിരമായി ഉപയോഗിക്കണമെങ്കിൽ കാർ കേരളത്തിൽ രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മനാഫിന്റെ പരാതിയിൽ ആർടിഒ അന്വേഷണം ആരംഭിച്ചു. ആദ്യ പരാതിയിൽ അന്വേഷണ ചുമതല അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കാണ്. അന്വേഷണത്തിനായി രണ്ടാമത്തെ പരാതി എറണാകളും ആർടിഒ ചാലക്കുടി ആർടിഒയ്ക്ക് കൈമാറിയിട്ടുണ്ട്.
Comments